പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക വെളിപ്പെടുത്തലുമായി കിറ്റ്കോ എൻജിനീയർ. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഉദ്ഘാടനം നടത്താൻ ഉന്നതതലത്തിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് എൻജിനീയർ എച്ച്എംസി യോഗത്തിൽ സമ്മതിച്ചതായി എച്ച്എംസി അംഗം നഹാസ് പറഞ്ഞു.
എൻജിനീയറുടെ തുറന്നുപറച്ചിലിന് പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ മുഴുവൻ പരിശോധിക്കണമെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി നിർദേശിച്ചു. ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും ഓഡിറ്റിന് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.
ഭിത്തി നിർമാണം പൂർത്തിയായ ഉടൻ തന്നെ സിമന്റ് പൂശൽ നടത്തിയതിനെതിരെ കോൺഗ്രസ് നേരത്തെ തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. നിർമ്മാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾക്കിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.






