കൊച്ചി: പാലാരിവട്ടത്ത് യുവാവിനെ അപ്പാർട്മെന്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും പണവും മൊബൈൽ ഫോണും കവർന്നു. പെരുമ്പാവൂർ വെങ്ങോല സ്വദേശി കെ.വി. സന്ദീപ് ആണ് ആക്രമണത്തിന് ഇരയായത്. പാലാരിവട്ടം സ്വദേശി മനുവും മറ്റ് മൂന്ന് പേരും ചേർന്ന് സന്ദീപിനെ മർദിച്ചെന്നാണ് പരാതി.
മനു മാർച്ച് 30ന് വൈകിട്ട് 4 മണിക്ക് സന്ദീപിനെ പാടിവട്ടയിലെ അപ്പാർട്മെന്റിലേക്ക് വിളിച്ചു. വൈകിട്ട് 6 മണിയോടെ മടങ്ങാൻ തുടങ്ങിയ സന്ദീപിനെ പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. മനു സന്ദീപിന്റെ വയറ്റിൽ ചവിട്ടുകയും മറ്റ് പ്രതികൾ ചേർന്ന് മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ സന്ദീപിന്റെ വാരിയെല്ലിന് പൊട്ടലേറ്റു.
അതോടൊപ്പം സന്ദീപിന്റെ മൊബൈൽ ഫോൺ തട്ടിഎടുക്കുകയും വോലറ്റ് ആപ്പ് വഴി 24,757 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. കൂടാതെ പഴ്സിൽ ഉണ്ടായിരുന്ന 13,000 രൂപയും പ്രതികൾ കവർന്നു. പരുക്കേറ്റ സന്ദീപ് ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാലാരിവട്ടം പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്.




