പാലക്കാട് :പുതുവർഷം പിറന്നശേഷം 15 ദിവസത്തിനിടെ ജില്ലയിലുണ്ടായത് 49 വാഹനാപകടങ്ങൾ. 12 പേർ മരിച്ചു. 51 പേർക്കു പരുക്കേറ്റു.
കഴിഞ്ഞ വർഷം 2,253 അപകടങ്ങളിലായി 321 പേരാണു മരിച്ചത്. 2,506 പേർക്കു പരുക്കേറ്റു. ഇതിൽ 212 പേരുടെ നില ഗുരുതരമാണ്. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ചു ജില്ലയിൽ കഴിഞ്ഞ വർഷം അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി ആർടിഒ സി.യു.മുജീബ് അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞ വർഷം 41 കാൽനടയാത്രക്കാരാണു വാഹനമിടിച്ചു മരിച്ചത്. കൂടുതലും ദേശീയപാതകളിൽ. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമായതെന്നാണു പൊലീസ് റിപ്പോർട്ട്.
സംസ്ഥാനപാതകളിൽ സിഗ്നൽ തെറ്റിച്ച വാഹനങ്ങളിടിച്ചാണു കൂടുതൽ പേർ മരിച്ചത്. ആവശ്യത്തിനു സീബ്രാ ലൈനില്ലാത്തതും പലയിടത്തും മാഞ്ഞുപോയതും പ്രശ്നമായി മോട്ടർ വാഹന വകുപ്പു ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ 60% വാഹനാപകടങ്ങളും നടക്കുന്നതു പുലർച്ചെ 2 മുതൽ 5 വരെയുള്ള സമയത്താണെന്നു മോട്ടർ വാഹന വകുപ്പു പറയുന്നു. കഴിഞ്ഞ വർഷം നടന്ന 2,253 അപകടങ്ങളിൽ 1,334 അപകടങ്ങളും നടന്നതു പുലർച്ചെയാണ്. ദേശീയപാതകളിലാണു കൂടുതലും.
സംസ്ഥാനപാതകളിൽ രാത്രി 8 മുതൽ 12 വരെയുള്ള സമയത്താണു കൂടുതൽ അപകടങ്ങൾ. ഇരുചക്ര വാഹനങ്ങളാണ് ഈ സമയങ്ങളിൽ അപകടത്തിൽപെടുന്നതിൽ കൂടുതൽ.
രാത്രിയാത്ര ആവശ്യമായി വന്നാൽ മതിയായ ഉറക്കം ലഭിച്ച ശേഷമേ പുറപ്പെടാവൂ. യാത്രാവേളയിൽ ഉറക്കം വന്നാൽ വാഹനം ഒതുക്കി നിർത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിശ്രമിച്ച ശേഷം യാത്ര തുടരുന്നതാണു നല്ലതെന്നും ഉദ്യോഗസ്ഥർ പറയുന്നു. സർവീസ് റോഡുകൾ കൃത്യമായി ഉപയോഗിക്കാതെ ദേശീയപാതയിൽ എതിർദിശയിലൂടെ വരുന്ന വാഹനങ്ങളും അപകടമുണ്ടാക്കുന്നുണ്ട്.
ദേശീയപാത അതോറിറ്റിയുമായി ചേർന്നു വാഹനാപകടം കുറയ്ക്കാനുള്ള സമഗ്ര പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി. കഴിഞ്ഞ ഒക്ടോബറിൽ റോഡ് സുരക്ഷാ കമ്മിറ്റി മുന്നോട്ടുവച്ച 25 നിർദേശങ്ങളിൽ 12 എണ്ണവും ഈ വർഷം തന്നെ നടപ്പാക്കാനാണു നീക്കം.
ദേശീയപാത അതോറിറ്റിയുമായി ചേർന്നാണു കൂടുതൽ പദ്ധതികളും. അപകടസാധ്യതയുള്ള 36 ബ്ലാക്ക് സ്പോട്ടുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. ഇതിന്റെ ഭാഗമായി നാളെ റോഡ് സുരക്ഷാ കമ്മിറ്റി യോഗം ചേരും.




