തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സഹപാഠികൾ തിരുവനന്തപുരത്തെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഏകദേശം 30 സഹപാഠികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. വിദ്യാർത്ഥികളെ കണ്ടപ്പോൾ നിതിന്റെ അമ്മ പൊട്ടിക്കരഞ്ഞു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കോളേജിലെ ചില അധ്യാപകരുടെ ഭാഗത്ത് നിന്ന് മാനസിക പീഡനമുണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മാർക്ക് കുറയ്ക്കൽ, കുടുംബത്തെ അപമാനിക്കൽ, ക്ലാസിൽ വെച്ച് കളിയാക്കൽ തുടങ്ങിയവ ഉണ്ടായിരുന്നുവെന്ന് നിതിൻ മുൻപ് പറഞ്ഞിരുന്നതായി സഹപാഠികളും കുടുംബവും പറയുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അവർ ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും പേരിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി–പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഇവർ ഇരുവരും കേസിൽ ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം തുടരുകയാണ്.




