പാലക്കാട്: 1995ൽ ആറുവയസ്സുകാരനെ ലോറിയിടിച്ച് മരണത്തിലേക്ക് തള്ളിയ കേസിൽ 30 വർഷത്തിന് ശേഷം പ്രതിയായ ലോറി ഡ്രൈവർ പിടിയിലായി. തമിഴ്‌നാട് ചെന്നൈ പഴയ മദ്രാസ് മോസ്‌ക് സ്ട്രീറ്റ് സ്വദേശിയായ ഇളംതമിഴൻ പരമശിവൻ (60) ആണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്.
1995 ഡിസംബർ 12ന് വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖ് (6) മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരിൽ ലോറിയിടിച്ച് മരിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ഇളംതമിഴൻ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എം. മിഥുനും സി.പി.ഒ എസ്. ഹരീഷും പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച ഇൻസ്‌പെക്ടർ സോണി മത്തായിയുടെയും എസ്.ഐ എ.കെ. ശ്രീജിത്തിന്റെയും നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് പ്രതിയെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.




