പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മൂന്നാം അലോട്ട്മെന്റിന് ശേഷം ഈ ജില്ലകളിൽ സീറ്റ് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിന് പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥി മദ്യം കൊണ്ടുവന്ന സംഭവം അതീവ ഗുരുതരമാണെന്നും, ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അനുമതി നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളെ ശിക്ഷിച്ചോ മോശം വാക്കുകൾ പറഞ്ഞോ തിരുത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്ക് പരിശോധനാ അധികാരം നൽകിയാൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. മുൻ സർക്കാർ ഒപ്പുവെച്ച കരാർ കേന്ദ്ര സർക്കാരിന് അനുകൂലമായ രീതിയിലാണെന്നും, അതിനെതിരെ പ്രതിപക്ഷം രാഷ്ട്രീയമായി പ്രതികരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കരാർ റദ്ദാക്കണമോ എന്നത് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






