പൻവേൽ: പൻവേലിലെ അംഗൻവാടിയിൽ പെൺകുഞ്ഞിനെ ജീവനക്കാരി ക്രൂരമായി ആക്രമിച്ചതായി പരാതി. കുട്ടിയെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് സംഭവം നടന്നത്. അംഗൻവാടി കെട്ടിടത്തിന്റെ പടിയിൽ ഇരുന്ന കുട്ടിയെ ജീവനക്കാരി ചവിട്ടി താഴെയിട്ടതായാണ് വീഡിയോയിൽ കാണുന്നത്. ചവിട്ടേറ്റ് വീണ കുട്ടിയെ പിന്നീട് മറ്റൊരു ജീവനക്കാരി എഴുന്നേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവം നടന്നപ്പോൾ സമീപത്തുണ്ടായിരുന്ന മറ്റൊരു കുട്ടി ഭയന്ന് കരയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ നവീ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ സംരക്ഷിക്കേണ്ട സ്ഥാപനത്തിൽ നിന്നുള്ള ഇത്തരം സംഭവങ്ങൾ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്.





