ഇടുക്കി: അടിമാലിയിൽ ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ– സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിന്റിന് ചേർക്കുന്ന തിന്നർ അബദ്ധത്തിൽ കഴിച്ചതിനെ തുടർന്ന് കുട്ടികൾ അവശനിലയിലായെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ താഴെ വീണതിനെ തുടർന്ന് കുട്ടികൾ ഇത് കഴിച്ചതാകാമെന്നാണ് പ്രാഥമിക വിവരം.
വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ സൂക്ഷിച്ചിരുന്ന പാത്രവും കണ്ടെത്തി. സംഭവത്തിൽ അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


