കോഴിക്കോട്: കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരുതോങ്കര കക്കുടാരത്തിൽ നെല്ലിപറമ്പത്ത് ഷിംജിത്തിന്റെ മകൻ പൃഥ്വിജിത്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ഓത്തിയോട്ട് സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപമായിരുന്നു അപകടം.
കുറ്റ്യാടിയിൽ നിന്ന് തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നു പൃഥ്വിജിത്ത്. ഇതിനിടെ ഓത്തിയോട്ട് സിറാജുൽ ഹുദാ കോംപ്ലക്സിൽ നിന്നുള്ള റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പൃഥ്വിജിത്തിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം നിലവിൽ കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, അപകടം നടന്ന സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപത്തെ പ്രദേശം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.












