മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: എ.പി സ്മിജിയുടെ നിറമരുതൂർ പഞ്ചായത്ത് പര്യടനം വർണപ്പകിട്ടേകി. ജില്ലാ പഞ്ചായത്ത് മെമ്പർ വി. കെ. എം ഷാഫിയുടെ വികസന മുന്നേറ്റത്തിന് സാക്ഷികളായ നാട്ടുകാർക്ക് വികസന തുടർച്ചക്ക് പ്രാപ്തയായ സ്ഥാനാർഥിയെ തങ്ങൾക്ക് ലഭിച്ചതിലുള്ള സന്തോഷം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾ വിളിച്ചറിയിച്ചു.
മങ്ങാട് അങ്ങാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: എൻ ഷംസുദ്ധീൻ എം എൽ എ പര്യടനം ഉൽഘാടനം ചെയ്തു. ശബരിമല സ്വർണക്കൊള്ള പൊറുക്കാനാവാത്ത കുറ്റമാണെന്നും ഇതിലെ പ്രതികൾ ഓരോന്നോരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. നാടിന്റെ ക്ഷേമത്തിനായി ഒന്നും ചെയ്യാതെ പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് ഇടത് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും, ഇതിനെതിരെ വോട്ടർമാർ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു. ഡി. എഫിനെ അധികാരത്തിലേറ്റാൻ ജനം കൊതിക്കുകയാണെന്നും ഓരോ ദിവസവും പുറത്ത് വരുന്ന വാർത്തകൾ ഇതിന് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു. ഡി. എഫ് ചെയർമാൻ കുന്നുമ്മൽദാസൻ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ എം ഷാഫി, കെ എൻ മുത്തുക്കോയ തങ്ങൾ, ഷരീഫ് ഹാജി ചാരത്ത്, ഹനീഫ മാസ്റ്റർ ഉണ്യാൽ, മൂസ പരന്നേക്കാട്, കെ എം നൗഫൽ, പി അഷ്റഫ്, ഇസ്മായിൽ പുതൃശ്ശേരി, സലാം പറവണ്ണ, മൂസക്കുട്ടി, വി.ഇ.എം ഇഖ്ബാൽ, അശോക് കുമാർ, ആഫിയ നൗഫൽ, കെടി ഷാജി പ്രസംഗിച്ചു. നിരവധി കേന്ദ്രങ്ങളിലെ ഊഷ്മളമായ സ്വീകരണത്തിന് ശേഷം പത്തമ്പാട് പടിഞ്ഞാറങ്ങാടിയിൽ സമാപിച്ചു.




