തിരുവനവനന്തപുരം: 10 വർഷത്തിനുശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനമെന്ന് സിപിഎം. മെയ് 25 മുതൽ പെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അക്കൗണ്ടിൽ പണം എത്തിയില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിശേഷ ദിവസങ്ങളിൽ മുൻകൂറായി പണം നൽകിയിരുന്ന പതിവുണ്ടായിരുന്നു. 18 മാസം പെൻഷൻ മുടക്കിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കുള്ള തിരിച്ചുപോക്കാണിതെന്ന് സിപിഎം വിമർശിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമായ ബക്രീദിന് പോലും പെൻഷൻ ഉറപ്പാക്കാൻ കഴിഞ്ഞില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഓണം, ക്രിസ്‌മസ്, ചെറിയപെരുന്നാൾ തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും മുൻകൂറായി ക്ഷേമപെൻഷൻ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനടക്കം രണ്ടു മാസത്തെ പെൻഷൻ ആളുകളിലെത്തി. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയവരാണ് നിലവിലുള്ള പെൻഷൻ പോലും കൃത്യമായി ആളുകളിൽ എത്തിക്കാത്തത് എന്നും സിപിഎം വ്യക്തമാക്കി.






