തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം. കൃഷിമന്ത്രി അധ്യക്ഷനായുള്ള ഉന്നതതല യോഗത്തിലാണ് ഫീസ് ഇളവിനെ കുറിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.
യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കുന്നതിനാണ് ധാരണയായത്. സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. എസ്എഫ്ഐ ഉൾപ്പെടെ നിരവധി സംഘടനകൾ സർവകലാശാലയിൽ സമരങ്ങൾ സംഘടിപ്പിച്ചു.
അമിത ഫീസ് മൂലം പഠനം തുടരാൻ കഴിയില്ലെന്നുള്ള നിലപാട് പങ്കുവെച്ച വിദ്യാർത്ഥിയായ അർജുന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിഷയത്തെ വലിയ ചർച്ചയാക്കി മാറ്റുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഫീസ് ഇളവിന് മുന്നോട്ടുവന്നതെന്ന് അധികൃതർ അറിയിച്ചു.




