ന്യൂഡൽഹി: ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ ഒരു പൈലറ്റ് ലഹരി മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഓഗസ്റ്റ് 5ന് ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടത്.
സംഭവത്തിൽ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതാണ് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേൽക്കാൻ കാരണമായത്.
സംഭവത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു പൈലറ്റ് ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നത്.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം നടത്തിവരികയാണ്. ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിനും പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലത്തിനും തമ്മിൽ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) കൂടുതൽ അന്വേഷണം നടത്തണമോ എന്ന് തീരുമാനിക്കും. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ചില ജീവനക്കാർക്ക് നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റിരുന്നു.
പൈലറ്റുമാരുടെ ഡ്രഗ് സ്ക്രീനിംഗ് പരിശോധന നടന്നതായി അറിയാമെന്നും എന്നാൽ പരിശോധനാഫലം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. സിവിൽ ഏവിയേഷൻ നിയമങ്ങൾ അനുസരിച്ച് ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ ഡ്രഗ് ടെസ്റ്റുകൾ നടത്താറുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂർണമായി സഹകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.











