കാസര്‍കോട്: എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരെ ഗുരുതര പരാതിയുമായി സംഘടനയുടെ വനിതാ പ്രവർത്തക. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ യുവതിയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയത്.
ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചുവെന്നാണ് പരാതിയിലെ ആരോപണം. നിരവധി തവണ ഇത്തരം സന്ദേശങ്ങൾ അയച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയിൽ നടപടി സ്വീകരിക്കാത്ത പക്ഷം പോലീസിനെ സമീപിക്കുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ട് മാസം മുൻപാണ് യുവതി പരാതി നൽകിയത്. ആദ്യം പാർട്ടിയുടെ ഏരിയാ കമ്മിറ്റിക്കായിരുന്നു പരാതി സമർപ്പിച്ചത്. എന്നാൽ വിഷയം ഒത്തുതീർപ്പാക്കാനാണ് ഏരിയാ കമ്മിറ്റി ശ്രമിച്ചതെന്നാണ് ആരോപണം. തുടർന്ന് തക്ക നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് യുവതി ഔദ്യോഗികമായി പരാതി നൽകിയത്.
സംഭവത്തിൽ അനുരാഗിനെതിരെ സംഘടനാതല നടപടിക്ക് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പരാതിയിൽ പാർട്ടി നേതൃത്വം അന്വേഷണം നടത്തുമോയെന്ന കാര്യവും ശ്രദ്ധേയമാണ്.




