കോട്ടയം: ഓർമ്മകളുടെ വസന്തകാലം പങ്കുവെച്ച് പാലാ അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ‘അൽസ്റ്റാജിയ 2026’ സംഘടിപ്പിച്ചു. അഞ്ഞൂറോളം പൂർവ്വ വിദ്യാർത്ഥിനികളും അധ്യാപകരും പങ്കെടുത്ത സംഗമത്തിൽ, 2025 ഡിസംബറിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കോളേജിന്റെ അഭിമാനതാരങ്ങളായ 33 ജനപ്രതിനിധികളെ പ്രത്യേകം ആദരിച്ചു.
അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും വേദിയായി മാറി. യുവത്വം തുടിക്കുന്ന പ്രസന്നതയോടെ മുന്നേറാൻ ഏവർക്കും സാധിക്കട്ടെയെന്ന് ഡോ. ആൻസി ജോസഫ് ആശംസിച്ചു.
തൃത്താല ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കിരൺ മരിയ ജോസ് മുഖ്യാതിഥിയായിരുന്നു. കോളേജിൽ നിന്ന് ലഭിച്ച ആത്മവിശ്വാസവും പ്രവർത്തനമികവുമാണ് തന്റെ ജീവിതത്തിലെ വഴിവിളക്കെന്ന് അവർ അനുസ്മരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, അലുമ്നി അസോസിയേഷൻ സെക്രട്ടറി റൂബി മോൾ ഫിലിപ്പ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും വിപണനവും നടന്നു.






