വാഷിങ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന പ്രത്യേക പാസ്‌പോർട്ടുകളിൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ തീരുമാനം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജൂലൈയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഈ നടപടി. പുതിയ പാസ്‌പോർട്ടുകളുടെ ഉള്ളിലെ പേജിൽ 1776-ലെ സ്വാതന്ത്ര്യപ്രഖ്യാപന ഒപ്പിടൽ ചിത്രത്തിന് എതിർവശത്തായിരിക്കും ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തുക.
പാസ്‌പോർട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ തന്നെ പുതിയ രൂപകൽപ്പനയും ആകർഷകമായ ചിത്രങ്ങളും ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ പ്രത്യേക പാസ്‌പോർട്ടുകൾക്ക് അധിക തുക നൽകേണ്ടതില്ലെന്നും വ്യക്തമാക്കി. ഇതിന് മുൻപ് തന്നെ അമേരിക്കൻ കറൻസികളിൽ ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്താനും, അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച സ്വർണ്ണ നാണയം പുറത്തിറക്കാനും തീരുമാനിച്ചിരുന്നു.
പുതിയ നീക്കങ്ങൾ സർക്കാർ പദ്ധതികളെ പ്രസിഡന്റ് ട്രംപിന്റെ പേരുമായി കൂടുതൽ ബന്ധിപ്പിക്കുന്ന വിപുലമായ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ഫെഡറൽ പദ്ധതികൾക്കും സർക്കാർ ആസ്തികൾക്കും ട്രംപിന്റെ പേര് ഉൾപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ജൂലൈ മാസത്തിൽ നടക്കുന്ന പ്രഖ്യാപനത്തോടെയാണ് ഈ പ്രത്യേക പാസ്‌പോർട്ടുകൾ വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.




