കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി വേണമെന്ന സാഹചര്യമാണോയെന്ന് ഹൈക്കോടതിയുടെ വിമർശനം. നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പാവപ്പെട്ടവരുടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സമയമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
നടി അൻസിബ ഹസനെ പൊലീസ് സ്റ്റേഷനിൽവച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടപടികൾ റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ഹർജിയിലെ ആവശ്യം. ഹർജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനും അൻസിബയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
എന്നാൽ അൻസിബയുടെ മേൽവിലാസത്തിലെ പിൻകോഡ് തെറ്റായതിനാൽ നോട്ടീസ് കൃത്യമായി നൽകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം പരിഹരിച്ച് അൻസിബയ്ക്ക് ഇന്ന് തന്നെ നോട്ടീസ് നൽകണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, അൻസിബ നൽകിയ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ബിഎൻഎസ് 74-ാം വകുപ്പ് ചുമത്തിയിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. എഫ്‌ഐആറിൽ ടൈപ്പിങ് പിഴവ് സംഭവിച്ചതാണ് വകുപ്പ് രേഖപ്പെടുത്താതിരിക്കാൻ കാരണമെന്നും പൊലീസ് വിശദീകരിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ വീണ്ടും കോടതിയെ സമീപിക്കാനിരിക്കെയാണ് പൊലീസിന്റെ വിശദീകരണം. പാലാരിവട്ടം എസ്എച്ച്ഒക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനും അന്വേഷണ ചുമതല മറ്റൊരു എസ്എച്ച്ഒയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെടാനും അൻസിബ തീരുമാനിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന അൻസിബയുടെ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് ലക്ഷ്മിപ്രിയക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. എന്നാൽ ക്രിമിനൽ മാനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രം ഉൾപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായിരുന്നു വിവാദമായത്. ഇപ്പോൾ ബിഎൻഎസ് 74-ാം വകുപ്പ് എഫ്‌ഐആറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.




