തിരുവനന്തപുരം: പെരുമാതുറയിലെ ഹോട്ടലിൽ സഹോദരങ്ങളെ അധിക്ഷേപിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31) എന്നിവരെ ആക്രമിച്ച കേസിൽ വെട്ടുതറ സ്വദേശി സ്റ്റീഫൻ (22) ആണ് അറസ്റ്റിലായത്.
മുതലപ്പൊഴിക്ക് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അവിടെയുണ്ടായിരുന്ന അഞ്ചംഗ സംഘം അകാരണമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. ഇതേക്കുറിച്ച് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ മേശപ്പുറത്തുണ്ടായിരുന്ന ചായഗ്ലാസ് ഉപയോഗിച്ച് സദ്ദാം ധാരിക്കിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു.
അടിയേറ്റ് താഴെവീണ സദ്ദാം ധാരിക്കിനെ ഒന്നാം പ്രതിയായ സ്റ്റീഫൻ വാളുകൊണ്ട് തലയിൽ വെട്ടാൻ ശ്രമിച്ചപ്പോൾ സദ്ദാം ഹുസൈൻ തടയുകയായിരുന്നു. ഇതിനിടെയാണ് സദ്ദാം ഹുസൈന്റെ വലതുകൈക്ക് ഗുരുതരമായി വെട്ടേറ്റത്. കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പൊലീസ് അറിയിച്ചു.
സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാല് പേർക്കുമെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.


