പത്തനംതിട്ട: പറക്കോട് പീഠികയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. പീഠിക സ്വദേശിനിയായ മറിയം ബീവി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം.
പത്തനാപുരം ഇളമണ്ണൂർ ഭാഗത്തുനിന്ന് മെറ്റലുമായി എത്തിയ ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത്. വീടും കടയും ചേർന്ന കെട്ടിടത്തിലായിരുന്നു മറിയം ബീവി താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടിൽ അവർ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ വീടിന്റെ ഭിത്തി തകർന്നു മറിയം ബീവിയുടെ ശരീരത്തിലേക്ക് വീണ നിലയിലായിരുന്നു.
വിവരം അറിഞ്ഞെത്തിയ അടൂർ ഫയർഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി വയോധികയെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ മറിയം ബീവിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.






