മുരളി ഗോപിയുടെ തിരക്കഥയിൽ ജിയൻ കൃഷ്ണകുമാർ സംവിധാനം നിർവഹിക്കുന്ന ആര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാട് ‘എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. “പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും…” എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിന്റെ റീമേക്ക് പതിപ്പാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
1977-ൽ പുറത്തിറങ്ങിയ ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് പി. ഭാസ്കരൻ ആണ് വരികൾ എഴുതിയത് . കെ. രാഘവൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസും പി. ജയചന്ദ്രനും ചേർന്നാണ്. പുതിയ പതിപ്പിൽ മുരളി ഗോപിയും ദീപക് ബ്ലൂവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നിർവഹിച്ചിരിക്കുന്നത് ബി. അജനീഷ് ലോക്‌നാഥാണ്.
‘ടിയാൻ’ ശേഷം മുരളി ഗോപിയും ജിയൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് .ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് അടുത്തിടെ പുറത്തുവിട്ട ഗ്ലിംപ്സ് വീഡിയോ നൽകിയിരിക്കുന്ന സൂചന. എൺപതുകളുടെ അവസാനത്തെയും തൊണ്ണൂറുകളുടെ തുടക്കത്തിലെയും തിരുവനന്തപുരത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
ആര്യയ്‌ക്കൊപ്പം ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അച്യുത് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എസ്. വിനോദ് കുമാർ നിർമിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് അവതരിപ്പിക്കുന്നത്.






