കൊല്ലം: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 14-കാരൻ ദാരുണമായി മരിച്ചു. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി. രാജുവിന്റെയും സിന്ധ്യ പി. നായറുടെയും മകനായ നവനീത് ആർ.എസ്. നായർ ആണ് മരിച്ചത്.
മടത്തറ–കടയ്ക്കൽ റോഡിലെ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നവനീതും അമ്മയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ നവനീതിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സിന്ധ്യയ്ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
നവനീതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു നവനീത്. സിന്ധ്യ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ്.






