ന്യൂഡൽഹി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശത്തിനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. സ്ത്രീകൾ ബസുകളിൽ തള്ളിക്കയറുകയാണെന്ന തരത്തിലുള്ള മന്ത്രിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.
സ്ത്രീകൾ കൂടുതലായി പദ്ധതി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മന്ത്രിയിൽ നിന്ന് ഇത്തരം നിലപാടുകൾ ഉണ്ടായതെന്ന് ആനി രാജ വിമർശിച്ചു. സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും, ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുക സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു.
പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവർ തന്നെ ഇപ്പോൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പദ്ധതി ലഭ്യമാക്കുകയായിരുന്നു എന്നും, പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിരുന്നില്ലെന്നതിന്റെ തെളിവാണ് മന്ത്രിയുടെ പ്രസ്താവനയെന്നും അവർ ആരോപിച്ചു.
സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിവുണ്ടായിട്ടും ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ അയക്കുന്നതിനെക്കുറിച്ചും, സൗജന്യ യാത്ര ഉപയോഗിക്കുന്ന സ്ത്രീകളെക്കുറിച്ചും മന്ത്രി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
അതേസമയം, നടി തൃഷയ്‌ക്കെതിരായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിലും ആനി രാജ പ്രതികരിച്ചു. ഉദയനിധിയുടെ പരാമർശം അപലപനീയമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നും അവർ പറഞ്ഞു.
വായിൽ വരുന്നത് പറയുന്നതോ ദ്വയാർഥ പ്രയോഗങ്ങൾ നടത്തുന്നതോ അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും, ജനപ്രതിനിധികളിൽ നിന്ന് ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ ഗൗരവമായി കാണേണ്ടതാണെന്നും ആനി രാജ വ്യക്തമാക്കി. രാജ്യത്തെ ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.




