ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിന്റെ ചുമതലയുള്ള ജെയ്‌സൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വീണ്ടും വിളിച്ചുവരുത്തി. 20 ഇന്ത്യൻ നാവികർ സഞ്ചരിച്ച മറ്റൊരു കപ്പലും ഇന്നലെ ആക്രമണത്തിന് ഇരയായതായി മന്ത്രാലയം അറിയിച്ചു.
അമേരിക്കൻ നയതന്ത്രകാര്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ് അമേരിക്കൻ പ്രതിനിധിയെ വിളിച്ചുവരുത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം അമേരിക്കൻ പ്രതിനിധിയെ വിളിച്ചുവരുത്തുന്നത് രണ്ടാം തവണയാണ്.
അതേസമയം, കഴിഞ്ഞ നാല് ദിവസത്തിനിടെ ഇന്ത്യൻ നാവികർ സഞ്ചരിച്ച കപ്പലുകൾക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.






