കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് തുറന്നതുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകി. അതിജീവിത ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു . അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ വിചാരണ കോടതിയുടെ പക്കലുള്ള മെമ്മറി കാർഡും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന പെൻഡ്രൈവും ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ ഹർജിയ്ക്ക് ഒരു മാസത്തിനുള്ളിൽ മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട് പ്രകാരം, മുൻ അങ്കമാലി മജിസ്ട്രേറ്റ്, ജില്ലാ കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ് മോഹൻ, വിചാരണ കോടതി ശിരസ്തദാർ താജുദീൻ എന്നിവർ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ അതിജീവിതയുടെ പരാതിയിൽ ചില വസ്തുതാവിരുദ്ധതകളും നിയമപരമായ തടസ്സങ്ങളും ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജിയിൽ അതിജീവിത മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ, മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആവശ്യപ്പെടുകയും, കോടതി മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടന്‍ ദിലീപ് ഉള്‍പ്പെടെ നാലു പേരെ വെറുതേ വിടുകയും കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ആദ്യ 6 പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.






