തിരുവനന്തപുരം: കേരള മന്ത്രിസഭാ യോഗം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി. യോഗത്തിൽ സർക്കാർ ഭരണവുമായി ബന്ധപ്പെട്ട നിരവധി പ്രധാന നിയമനങ്ങളും തീരുമാനങ്ങളും എടുത്തു. കേരള കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെ സർക്കാർ ചീഫ് വിപ്പായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോകായുക്ത സ്പെഷ്യൽ അറ്റോർണിയായി ടി ആസഫലിയെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ സി വിൻസെൻ്റിനെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അതേസമയം, രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും മന്ത്രിസഭാ യോഗത്തിൽ മറുപടി നൽകി. നിലവിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഉദ്യോഗസ്ഥനെതിരെ യാതൊരു പരാതിയും നിലവിലില്ലെന്നും സർക്കാർ വ്യക്തമാക്കി. ബംഗാളിലെ സാഹചര്യങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യേണ്ടതില്ലെന്നും, രത്തൻ ഖേൽക്കറിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണെന്നും സർക്കാർ നിലപാട് അറിയിച്ചു.





