ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ന്യൂസീലൻഡ്. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയെ 246 റൺസിന് പുറത്താക്കി 110 റൺസിന്റെ ലീഡ് നേടിയ കിവീസ് രണ്ടാം ഇന്നിങ്‌സിൽ മൂന്നിന് 105 റൺസെന്ന നിലയിലാണ്. അവർക്കിപ്പോൾ 215 റൺസിന്റെ ലീഡായി. രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലുമാണ് ക്രീസിൽ. രണ്ടാം ഇന്നിങ്‌സിലും ഭേദപ്പെട്ട തുടക്കമായിരുന്നു കിവീസിന്റേത്. ക്യാപ്‌റഅറൻ ടോം ലാഥം (8) പെട്ടെന്ന് മടങ്ങിയെങ്കിലും ഡെവോൺ കോൺവെയുടെ ഇന്നിങ്‌സ് അവരെ കാത്തു. 97 പന്തിൽ നിന്ന് 51 റൺസെടുത്താണ് കോൺവെ പുറത്തായത്. ഹെൻ റി നിക്കോൾസ് 22 റൺസെടുത്തു. ആദ്യ ഇന്നിങ്‌സിൽ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ജസ്പ്രീത് ബുംറയാണ് ലാഥത്തെയും നിക്കോൾസിനെയും മടക്കിയത്.
നേരത്തേ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 246 റൺസിന് പുറത്തായിരുന്നു. അർധ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെ പോരാട്ടമാണ് കൂട്ടത്തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. 170 പന്തുകൾ നേരിട്ട ജുറെൽ 14 ബൗണ്ടറിയടക്കം 88 റൺസെടുത്തു. കിവീസിന് 110 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. ന്യൂസീലൻഡ് ഒന്നാമിന്നിങ്‌സിൽ 356 റൺസിന് പുറത്തായിരുന്നു.
നേരത്തേ പേസർമാർക്കുമുന്നിൽ മുട്ടിടിച്ചതോടെ തലേദിവസം 116 റൺസിനിടെ ആറു വിക്കറ്റുകൾ നഷ്ടമായി കൂട്ടത്തകർച്ചയിലായിരുന്നു ഇന്ത്യ. ആറിന് 116 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ അൻഷുൽ കാംബോജിനെ (0) നഷ്ടമായി. എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച ജുറെൽ – ആകാശ് ദീപ് സഖ്യം പിടിച്ചു നിന്നതോടെ ഇന്ത്യ സ്‌കോറിങ് ആരംഭിച്ചു. 74 പന്തുകൾ നേരിട്ട ഈ സഖ്യം നിർണായകമായ 46 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. ഇതോടെ ഇന്ത്യ ഫോളോഓൺ ഭീഷണി ഒഴിവാക്കുകയും ചെയ്തു. ഒടുവിൽ ആകാശ് ദീപിനെ മടക്കി നഥാൻ സ്മിത്താണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 52 പന്തുകൾ നേരിട്ട ആകാശ് 29 റൺസെടുത്തു. ഇന്ത്യയുടെ ആദ്യ ആറ് മുൻനിര ബാറ്റർമാരേക്കാളും റൺസ് സ്‌കോർ ചെയ്താണ് ആകാശ് മടങ്ങിയത്.
പിന്നാലെയെത്തിയ ഗുർനൂർ ബ്രാറും ജുറെലിന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്‌കോർബോർഡ് ചലിച്ചു. 123 പന്തുകൾ പിടിച്ചുനിന്ന ഇരുവരും 64 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യൻ സ്‌കോർ 200 കടന്നു. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതാണ്. 46 പന്തിൽ നിന്ന് 10 റൺസെടുത്ത ബ്രാറിന് ഒടുവിൽ കൈൽ ജാമിസന്റെ പന്തിൽ പിഴച്ചു. പിന്നാലെ 87-ാം ഓവറിൽ ജാമിസൺ ജുറെലിനെ വീഴ്ത്തിയതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി.
കിവീസിനായി ജാമിസൺ നാലും മാറ്റ് ഹെൻ റി, നഥാൻ സ്മിത്ത്, ജേക്കബ് ഡഫി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. പിച്ചിൽനിന്ന് ലഭിച്ച പേസും ബൗൺസും മുതലാക്കിയ കിവീസ് പേസർമാരാണ് ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തിയത്.
സ്വന്തം തട്ടകത്തിൽ ടീമിന്റെ ആദ്യഓവർ എറിഞ്ഞ മാറ്റ് ഹെന്റി ആറാം പന്തിൽ യശസ്വി ജയ്‌സ്വാളിനെ (പൂജ്യം) മടക്കി ഇന്ത്യക്ക് തുടക്കത്തിൽ ആഘാതമേൽപ്പിച്ചു. കെ.എൽ. രാഹുലിനെയും (25), ഋഷഭ് പന്തിനെയും (23) ജേക്കബ് ഡഫിയും ദേവ്ദത്ത് പടിക്കൽ (21), ശുഭ്മൻ ഗിൽ (17) എന്നിവരെ കൈൽ ജാമിസണും പുറത്താക്കി. രണ്ടാം ദിനത്തിലെ അവസാനപന്തിൽ ചെറുത്തുനിന്ന വാഷിങ്ടൺ സുന്ദറിന്റെ (10) വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ആറാം വിക്കറ്റിൽ ധ്രുവ് ജുറെലും വാഷിങ്ടണും 15.1 ഓവറാണ് ന്യൂസീലൻഡ് പേസാക്രമണത്തെ തടഞ്ഞുനിർത്തിയത്.


