കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശേരി കോടതിയുടേതാണ് നടപടി. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചു.
ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം. കസ്റ്റഡിയിൽ വിട്ട ആയങ്കിയെ വെള്ളിയാഴ്ച രാവിലെ 11.30ന് മുമ്പ് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കസ്റ്റഡി അപേക്ഷയിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഫോണിന്റെ ഐഎംഇഐ നമ്പർ റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കസ്റ്റഡിയിൽ ലഭിച്ച അർജുൻ ആയങ്കിയെ ഉടൻ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികളും പൊലീസ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ കാപ്പ ചുമത്തുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തി ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാനും പൊലീസ് ശ്രമിക്കുന്നതായാണ് സൂചന.
കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഞായറാഴ്ച അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പിന്നീട് അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ പുതിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



