മലപ്പുറം: സൗദി അറേബ്യയിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. സുഹൃത്തിന് നൽകാനുള്ള വസ്ത്രങ്ങളെന്ന പേരിൽ കൈമാറിയ പൊതിക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
വണ്ടൂർ ചെറുകോട് മുതീരിയിലെ നാലകത്ത് സൽമാന്റെ പക്കലാണ് കഞ്ചാവ് ഒളിപ്പിച്ച് നൽകിയത്. ജിദ്ദയിൽ ജോലി ചെയ്യുന്ന സൽമാൻ അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കെ, നാട്ടിലെ ഒരു സുഹൃത്തിന് നൽകണമെന്നാവശ്യപ്പെട്ട് മറ്റൊരു സുഹൃത്തിന്റെ സഹോദരൻ വസ്ത്രങ്ങളടങ്ങിയ ഒരു കവർ കൈമാറുകയായിരുന്നു.
സംഭവദിവസം മഞ്ചേരിയിലായിരുന്ന സൽമാൻ, കവർ പട്ടരക്കയിലെ ഒരു കടയിൽ ഏൽപ്പിക്കാൻ നിർദേശിച്ചു. യാത്രയ്ക്കുള്ള സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെ കവർ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. ഒരു കാർഗോ പാന്റ്സും ത്രീ-ഫോർത്തുമായിരുന്നു കവറിലുണ്ടായിരുന്നത്. പരിശോധനയിൽ പാന്റിന്റെ എല്ലാ പോക്കറ്റുകളിലും ചെറിയ പൊതികളിലായി കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.
സംഭവം ഉടൻ തന്നെ സൽമാൻ നാട്ടിലെ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ സൽമാൻ സൗദിയിലേക്ക് മടങ്ങി.
സൽമാന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനും കഞ്ചാവ് എത്തിച്ച ഉറവിടം കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.






