വാഷിങ്ടൺ: യുഎസിലെ നോർത്ത് ഫിലാഡൽഫിയയിൽ പിസ ഡെലിവറി ജോലി ചെയ്തിരുന്ന ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ അൻഷുൽ കുന്‍ച (28) ആണ് മരിച്ചത്. പഠനത്തിനായി യുഎസിലെത്തിയ അൻഷുൽ ഒഴിവുസമയങ്ങളിൽ വരുമാനത്തിനായി പിസ ഡെലിവറി ജോലി ചെയ്തിരുന്നതായി കുടുംബം അറിയിച്ചു. എഡ്ഗലേ സ്ട്രീറ്റിൽ പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്.
പിസ ഡെലിവറി ചെയ്ത് മടങ്ങുന്നതിനിടെ അൻഷുലിന്റെ തലയിൽ വെടിയേറ്റതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൻഷുൽ ഡെലിവറി ചെയ്ത വീടിന് ആളില്ലായിരുന്നുവെന്നും വിൽപ്പനയ്ക്ക് വച്ചിരുന്ന വീടാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവസ്ഥലത്ത് മൂന്ന് വെടിയുണ്ടയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വളരെ അടുത്ത് നിന്നാണ് വെടിവെപ്പ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങളിൽ രണ്ട് യുവാക്കൾ അൻഷുലിനെ പിന്തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അൻഷുലിന്റെ പണവും ആഭരണങ്ങളും നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തിയതോടെ, വ്യാജ ഡെലിവറി വിളിച്ച് അൻഷുലിനെ ലക്ഷ്യമാക്കി കൊലപ്പെടുത്തിയതാകാമെന്ന സംശയം കുടുംബം ഉന്നയിച്ചു. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാൻ സഹായിക്കണമെന്ന ആവശ്യവും കുടുംബം അറിയിച്ചു.






