തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഓൺലൈൻ ഫയൽ നീക്ക സംവിധാനമായ ‘അയാപ്സ്’ സോഫ്റ്റ്‌വെയറിനെ ലക്ഷ്യമിട്ട് മാൽവെയർ ആക്രമണശ്രമം നടന്നു. സൈബർ ആക്രമണത്തെ തുടർന്ന് വെബ്‌സൈറ്റിന്റെ പ്രവർത്തനത്തിൽ അൽപ്പസമയത്തേക്ക് തടസ്സം നേരിട്ടെങ്കിലും സാങ്കേതിക വിദഗ്ധർ ഉടൻ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും സേവനം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.
ആക്രമണശ്രമത്തെ തുടർന്ന് ചുരുങ്ങിയ സമയത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടതൊഴിച്ചാൽ മറ്റ് സുരക്ഷാ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംവിധാനത്തിലുള്ള എല്ലാ ഫയലുകളുടെയും വിവരങ്ങൾ സുരക്ഷിതമാണെന്നും ഡാറ്റയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ഹാക്ക് ചെയ്യാനുള്ള ശ്രമമാണ് ഉണ്ടായതെന്നും സ്ഥിരീകരിച്ച സൈബർ ഡിവിഷൻ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.




