തൃശൂർ: നാട്ടിക ജെ.കെ. തീയേറ്ററിന് സമീപമുള്ള ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതാചലം നെയ് വേലി സ്വദേശി വീരമണിയാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലിക്കാരനായി ജോലി ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. തൃത്തല്ലൂർ സ്വദേശിയായ അമ്പലത്ത് വീട്ടിൽ നിസാറിന്റെ നാട്ടിക ജെ.കെ. തീയേറ്ററിന് സമീപമുള്ള ഒഴിഞ്ഞു കിടന്ന തറവാട് വീടിന്റെ വാതിൽ കല്ല് കൊണ്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുകയായിരുന്നു വീരമണി. ശബ്ദം കേട്ട് എത്തിയ നാട്ടുകാരെ കണ്ടതോടെ ഇയാൾ വീടിന്റെ ടെറസിലേക്കു കയറി ഒളിക്കാൻ ശ്രമിച്ചു. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി.
ഗുരുവായൂർ, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് വീരമണി. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എ. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സബ് ഇൻസ്പെക്ടർ സി.എൻ. എബിൻ, ജി.എ.എസ്.ഐ. സൈഫുദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുബി സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർ ജെസ്ലിൻ തോമസ് എന്നിവർ അന്വേഷണ സംഘത്തിൽ പങ്കെടുത്തു.


