പത്തനംതിട്ട: റാന്നിയെ നടുക്കിയ കീക്കൊഴൂർ സ്വദേശിനി രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ അതുല്‍ സത്യന്‍ കുറ്റക്കാരനാണെന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. രഞ്ജിതയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. 2023 ജൂൺ 24നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുൽ സത്യൻ, മക്കളുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ് രേഖകൾ പറയുന്നത്.
കൊലപാതകത്തിന് മുൻപ് രഞ്ജിതയുടെ മാതാപിതാക്കളെയും പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. മുൻപ് ഉണ്ടായ കേസുകളും പോലീസിൽ നൽകിയ പരാതിയും മൂലമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ വിചാരണ പൂർത്തിയാക്കി തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവ് വിധിച്ചത്.




