കോഴിക്കോട്: താമരശ്ശേരിയിൽ പഞ്ചായത്ത് ഓഫിസിന്റെ ഗോവണിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരൻ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ ഗോവണിപ്പടിയിൽ മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫിസിനു സമീപം നിർത്തിയിട്ട നിലയിൽ മുരളീധരന്റെ ഓട്ടോറിക്ഷയും കണ്ടെത്തി.
മുരളീധരന്റെ ഓട്ടോറിക്ഷയുടെ വായ്പാ അടവ് തെറ്റിയിരുന്നതായും, ഇതുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്പനി ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. ഇതാകാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
താമരശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






