അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകൾ കൂടുതൽ സുതാര്യമായി കൈകാര്യം ചെയ്യുന്നതിനായി പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
ഭക്തർ നൽകുന്ന പണം ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ പുതിയ സംവിധാനം നടപ്പാക്കിയത്. സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം എണ്ണുന്നത് വരെയുള്ള എല്ലാ നടപടികളും ഇനി ക്യാമറ നിരീക്ഷണത്തിലായിരിക്കും. ഇതിനായി 360 ഡിഗ്രി ക്യാമറകളും എസ്.എൽ.ആർ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പണം കൈകാര്യം ചെയ്യുന്ന ഓരോ ഘട്ടവും രേഖപ്പെടുത്താൻ രണ്ട് പ്രൊഫഷണൽ വീഡിയോഗ്രാഫർമാരെയും ട്രസ്റ്റ് നിയമിച്ചിട്ടുണ്ട്.
മുമ്പ് ഒരേസമയം നിരവധി സംഭാവന പെട്ടികൾ തുറന്ന് പണം എണ്ണിയിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ ഏകദേശം 40 സംഭാവന പെട്ടികളും ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിലായി തുറക്കും.
പണം എണ്ണുന്ന നടപടികൾ നിരീക്ഷിക്കാൻ എട്ടംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ, രണ്ട് ട്രസ്റ്റ് പ്രതിനിധികൾ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യം നിർബന്ധമാണ്. പണം എണ്ണൽ പൂർത്തിയായ ഉടൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ കൗണ്ടിംഗ് റൂമിൽ വെച്ച് തന്നെ സംഭാവന പെട്ടികൾ ഔദ്യോഗികമായി സീൽ ചെയ്യും. പുതിയ ക്രമീകരണങ്ങൾ വഴി സംഭാവനകളുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കാനാണ് ട്രസ്റ്റിന്റെ ലക്ഷ്യം.


