അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നലെ ഗുജറാത്തിനെ തകര്‍ത്തത് മുംബൈ ഇന്ത്യൻസ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. മുംബൈ താരം തിലക് വർമ്മയുടെ കരുത്തിലാണ് മുംബൈ സ്കോർ ഉയർത്തിയത്. 45 പന്തില്‍ പുറത്താവാതെ 101 റൺസാണ് തിലക് നേടിയത്. സ്ഥിരം ഓപ്പണര്‍മാരായ രോഹിത് ശര്‍മ, റിയാന്‍ റിക്കിള്‍ട്ടണ്‍ എന്നിവരില്ലാതെയാണ് മുംബൈ ഇറങ്ങിയത്. രോഹിത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്നലെ മത്സരത്തിനിറങ്ങിയില്ല. പകരമെത്തിയ ഡാനിഷ് മലേവാര്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരും നിരാശപ്പെടുത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. 17 പന്തില്‍ 26 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. നായകൻ ഗിൽ ഉൾപ്പടെയുള്ള താരങ്ങൾ നിരാശപ്പെടുത്തി. തുടർച്ചയായി ജയിച്ചെത്തിയ ഗുജറാത്തിന്റെ തുടർവിജയത്തിന് മുംബൈ തടയിട്ടു. മുംബൈയുടെ ബോളർ അശ്വിനി കുമാറാണ് ഗുജറാത്തിന്റെ മുന്നേറ്റത്തെ തടഞ്ഞത്. നാല് വിക്കറ്റാണ് അശ്വിനി വീഴ്ത്തിയത്. ജയത്തോടെ മുംബൈ ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഏഴാമതായി. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്.




