തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ തുടർച്ചയായ പണിമുടക്ക് ദിവസങ്ങളിൽ ഇടപാടുകാർക്ക് ആശ്വാസമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. സമരകാലയളവിൽ രാജ്യത്തെ ഏത് ബാങ്കിന്റെ എ.ടി.എമ്മിൽനിന്നും പണം പിൻവലിക്കുമ്പോഴും ഈടാക്കുന്ന സേവന നിരക്കുകൾ പൂർണമായും ഒഴിവാക്കുമെന്ന് എസ്.ബി.ഐ അറിയിച്ചു.
സാധാരണ അനുവദനീയമായ പരിധി കഴിഞ്ഞുള്ള എ.ടി.എം ഇടപാടുകൾക്ക് ഈടാക്കുന്ന അധിക ചാർജുകളും ഇടപാടുകളുടെ എണ്ണത്തിനുള്ള നിയന്ത്രണവും പണിമുടക്ക് ദിവസങ്ങളിൽ ബാധകമാകില്ല. ഇതോടെ ബാങ്ക് ശാഖകളിൽ എത്താതെ, മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽനിന്നും അധിക സേവന നിരക്ക് നൽകാതെ പണം പിൻവലിക്കാൻ ഇടപാടുകാർക്ക് കഴിയും.
ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു.) ആണ് തുടർച്ചയായ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












