ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച കൂടുകൂട്ടി യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി.സൂറത്തില്‍ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്.വിമാനത്തില്‍ ആളുകള്‍ കയറുന്നതിനൊപ്പം ലഗേജ് കയറ്റാനായി തുറന്നുവെച്ച ലഗേജ് ഡോറിന് സമീപം തേനീച്ചക്കൂട്ടം നിലയുറപ്പിച്ചതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്.
അപ്രതീക്ഷിതമായെത്തി തേനീച്ചക്കൂട്ടം വിമാനം പുറപ്പെടാന്‍ അനുവദിക്കാതെ തടസ്സമുണ്ടാക്കിയതിനെ തുടര്‍ന്ന് രക്ഷയ്ക്കായി അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. വൈകുന്നേരം 4.20-ന് സൂറത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ബസ് A320 വിമാനം ഒടുവില്‍ തേനീച്ച പ്രശ്നം പരിഹരിച്ച ശേഷം 5.26-നാണ് യാത്ര ആരംഭിച്ചത്. പ്രശ്നം ആരംഭിക്കും മുമ്പ് തന്നെ എല്ലാ യാത്രക്കാരും വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്തില്‍ കയറ്റുന്നതിനിടെയാണ് തേനീച്ചക്കൂട്ടം തുറന്ന ലഗേജ് ഡോറിന് സമീപം കൂട് കൂട്ടിയത്. ഇവയെ എങ്ങനെ ഒഴിവാക്കുമെന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കും ആശങ്കയായി.
വിമാനത്താവള ജീവനക്കാര്‍ ആദ്യം പുക ഉപയോഗിച്ച് തേനീച്ചകളെ ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. ഇതിന് പിന്നാലെ ഒരു അഗ്നിരക്ഷാ വാഹനം റണ്‍വേയിലെത്തി ലഗേജ് ഡോറിലേക്ക് വെള്ളം ചീറ്റി. ഇതോടെയാണ് ഒടുവില്‍, തേനീച്ചകള്‍ സ്ഥലം വിട്ട് പറന്നുപോയത്. ഒരു മണിക്കൂറിന് ശേഷം വിമാനം പുറപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.










