കൊച്ചി: സംസ്ഥാനത്ത് ബിനാമി പേരുകളിൽ ഭൂട്ടാൻ വാഹനങ്ങൾ ഓടുന്നതായി കസ്റ്റംസ് കണ്ടെത്തി. ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുവന്ന എസ്യുവി വാഹനങ്ങൾ സിനിമാ നടൻമാരുൾപ്പെടെ പലരും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ സുഹൃത്തുക്കളുടെയോ കാർ ഡീലർമാരുടെയോ പേരിൽ രജിസ്റ്റർ ചെയ്തതായാണ് കണ്ടെത്തൽ.
ഭൂട്ടാൻ വാഹനക്കടത്തിനെതിരായ ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിനിടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞാഴ്ച ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ എട്ട് വാഹനങ്ങൾ കസ്റ്റംസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഉടമകളുടെ വിവരങ്ങൾ ലഭിച്ചത്.
കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന സംശയത്തിലും അന്വേഷണസംഘം രേഖകൾ പരിശോധിച്ചുവരികയാണ്. അനധികൃത വാഹനങ്ങളാണെന്ന് അറിയാവുന്നവരാണ് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ ബിനാമി പേരുകൾ ഉപയോഗിക്കുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇവർ തന്നെയായിരിക്കും.
ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തി വ്യാജ രജിസ്ട്രേഷനിലൂടെ വിൽക്കുന്ന സംഘത്തെക്കുറിച്ച് ഒന്നരവർഷമായി അന്വേഷണം നടക്കുകയാണ്. വിദേശ വാഹനങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ശേഷം വീണ്ടും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. സി.എ.ജി. റിപ്പോർട്ടിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 15,849 വാഹനങ്ങൾക്ക് ഒരേ ചേസിസ് നമ്പറും എൻജിൻ നമ്പറും ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും അസമിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊച്ചി കസ്റ്റംസിന്റെ അന്വേഷണം അസമിലേക്കും ഭൂട്ടാനിലേക്കും വ്യാപിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് നൂറുകണക്കിന് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത കേസിൽ അസമിലെ ബൊംഗൈഗാവ് ആർ.ടി.ഒ. ഉദ്യോഗസ്ഥരടക്കം പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലേക്ക് മാത്രം 150 മുതൽ 220 വരെ ഭൂട്ടാൻ എസ്.യു.വി. വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. എട്ടുവർഷത്തിലേറെയായി ഈ കള്ളക്കടത്ത് നടക്കുന്നതായും നിലവിൽ 57 വാഹനങ്ങൾ മാത്രമാണ് കണ്ടെത്താനായതെന്നും അധികൃതർ അറിയിച്ചു.





