കൊച്ചി: മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്ത് എത്തിച്ച് പെൺവാണിഭത്തിനിരയാക്കിയ കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. പൊന്നാനി സ്വദേശിനിയായ മഞ്ജിമ (25)യെ ചൊവ്വാഴ്ച പൊലീസ് പിടികൂടി. കേസിൽ നേരത്തെ ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്സി അഥവാ സിന്ധു (56), മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സുരേഷ് കെ.ജി., മരട് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൾ മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ ശേഷം നിരവധി ആളുകൾക്ക് മുന്നിൽ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് രണ്ട് യുവതികൾ നൽകിയ പരാതിയിൽ പറയുന്നത്. ദുബായിൽ എത്തിച്ച ശേഷം യുവതികൾക്ക് മയക്കുമരുന്ന് നൽകി നഗ്‌നചിത്രങ്ങൾ പകർത്തി, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺവാണിഭത്തിന് നിർബന്ധിച്ചതെന്ന് പൊലീസ് അറിയിച്ചു. നിരവധി യുവതികൾ ഈ സംഘത്തിന്റെ വലയിലായിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ അലീന എബ്രഹാം മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിലുണ്ടായ സംഘർഷക്കേസിലും ഇവർ പ്രതിയായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് സ്റ്റോയ്സിയെ പൊലീസ് പിടികൂടിയത്. മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് ജോലി തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ യുവതികളെ വിദേശത്തേക്ക് എത്തിച്ച് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന രാജ്യാന്തര സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവരെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.






