ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികളെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കന്നഡ മാതൃഭാഷയായി രേഖപ്പെടുത്തുന്ന ഉദ്യോഗാർഥികളെ ചില കമ്പനികൾ അഭിമുഖത്തിന് പോലും പരിഗണിക്കുന്നില്ലെന്ന സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളാണ് വിവാദത്തിന് തുടക്കമിട്ടത്.
കന്നഡികരെ മനഃപൂർവം ജോലിയിൽനിന്ന് മാറ്റിനിർത്തുന്ന സ്വകാര്യ കമ്പനികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. കന്നഡികരുടെ അവകാശങ്ങളും അഭിമാനവും തൊഴിൽ അവസരങ്ങളും അവഗണിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
ബെംഗളൂരു രാജ്യത്തെ പ്രധാന ഐടി തൊഴിൽ കേന്ദ്രങ്ങളിലൊന്നാണ്. എന്നാൽ, കന്നഡികർക്ക് ഇവിടെ തൊഴിൽ ലഭിക്കുന്നതിൽ വിവേചനം നേരിടുന്നുവെന്ന ആരോപണം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ബെംഗളൂരുവിലെ ഇസ്തെനോസ് ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ ക്വാളിറ്റി അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്, തെലുങ്ക് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയുള്ള പരസ്യം ഒരു യുവതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതും വിവാദം ശക്തമാക്കി. കന്നഡ അനുകൂല സംഘടനകളും പ്രവർത്തകരും വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.




