കൊല്ലം: പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് അനധികൃത ബൈക്ക് ടാക്‌സി സർവീസുകൾ വർധിക്കുന്നത് മോട്ടോർ വാഹന വകുപ്പിന് തലവേദനയാകുന്നു. ടാക്‌സി പെർമിറ്റില്ലാതെ സ്വകാര്യവാഹനങ്ങൾ ബൈക്ക് ടാക്‌സികളായി ഓടുന്നതിനെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.
ഗതാഗതക്കുരുക്ക് ഒഴിവാക്കി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകുന്നതിനാൽ നഗരങ്ങളിൽ ബൈക്ക് ടാക്‌സികൾക്ക് ആവശ്യക്കാർ വർധിച്ചിരിക്കുകയാണ്. റൈഡർ ആപ്പുകൾ വഴി എളുപ്പത്തിൽ ബുക്ക് ചെയ്യാനാകുന്നതും ഇതിന് കാരണമാണ്. എന്നാൽ മഞ്ഞ നമ്പർ പ്ലേറ്റും ടാക്‌സി പെർമിറ്റുമുള്ള വാഹനങ്ങൾക്കു മാത്രമാണ് നിയമപരമായി ബൈക്ക് ടാക്‌സിയായി സർവീസ് നടത്താൻ അനുമതിയുള്ളത്.
ആപ്പുകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ കുറവും യാത്രക്കാരുടെ ആവശ്യകത വർധിച്ചതും അനധികൃത സർവീസുകൾ വർധിക്കാൻ കാരണമായതായി മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ബുക്കിംഗ് സമയത്ത് കാണിക്കുന്ന നമ്പറിലുള്ള വാഹനം അല്ല പലപ്പോഴും യാത്രക്കാരുടെ അടുത്തെത്തുന്നതെന്നും അധികൃതർ പറയുന്നു.
ഇത്തരത്തിൽ അനധികൃതമായി സർവീസ് നടത്തിയ ചില ഇരുചക്രവാഹനങ്ങൾ അടുത്തിടെ കാക്കനാട്ടിൽ നിന്ന് പിടികൂടിയിരുന്നു. മറ്റ് നഗരങ്ങളിലുമായി പരിശോധന ശക്തമാക്കി നിയമലംഘകർക്കെതിരെ നടപടികളും സ്വീകരിച്ചു. നിർദേശങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ വാഹനങ്ങളിൽ നിന്ന് 3000 രൂപ വരെ പിഴ ഈടാക്കി.
റൈഡർ ആപ്പുകൾ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. സ്വകാര്യവാഹനങ്ങളിൽ വെളുത്ത ബോർഡിൽ കറുത്ത അക്കങ്ങളായിരിക്കും നമ്പർ രേഖപ്പെടുത്തുക. കോൺട്രാക്ട് കാരേജ് അനുമതിയുള്ള വാഹനങ്ങളാണോ എന്ന് ഉറപ്പാക്കണമെന്നും സംശയാസ്പദ സർവീസുകൾക്കെതിരെ പരാതി അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, വാടകയ്ക്ക് ഉപയോഗിക്കാനാകുന്ന ബൈക്കുകളും സ്‌കൂട്ടറുകളും നഗരങ്ങളിൽ വ്യാപകമാകുന്നുണ്ട്. യുവാക്കൾക്കും സംരംഭകർക്കും പുതിയ തൊഴിലവസരമായി ഇത് മാറുമ്പോൾ, യാത്രക്കാരുടെ കുറവിനെ തുടർന്ന് ഓട്ടം കുറഞ്ഞ ഓട്ടോ-ടാക്‌സി തൊഴിലാളികൾ ആശങ്കയിലാണ്.






