കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീഷണി ലഭിച്ചതെന്നാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ശനിയാഴ്ച കൊല്ലം സന്ദർശനത്തിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്. കുണ്ടറയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്തായിരുന്നു പ്രതിഷേധം.
സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അമിത് ഷായ്ക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകരും രംഗത്തെത്തി. പലയിടത്തും പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങി. വിവിധയിടങ്ങളിൽ പാർട്ടി ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി.
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.




