ജബൽപുർ: മധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് നീക്കം ചെയ്തതോടൊപ്പം ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.
ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ബോട്ടിന്റെ ശേഷിയേക്കാൾ അധികം ആളുകളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നു.
വെള്ളിയാഴ്ച വൈകിട്ട് ജബൽപൂരിലെ ബർഗി ഡാം റിസർവോയറിലാണ് അപകടം നടന്നത്. ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഒമ്പത് പേർ മരിച്ചു. കാണാതായ നാല് പേരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്.
അത്യാധുനിക ഡ്രോണുകളും തെർമൽ ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന തെരച്ചിലിൽ പ്രാദേശിക മത്സ്യതൊഴിലാളികളും പങ്കാളികളാണ്.




