ഇടുക്കി: നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം പച്ചടിക്ക് സമീപം, പച്ചടി സ്വദേശിനി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
മേരിക്കുട്ടി മാത്യുവിനെയും, മകൻ റെജിയെയും കുറച്ചുനാളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാകും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക.
ഇരുവരും കാണാതായതിനെ തുടർന്ന് നാട്ടുകാർ ഇളയ മകൻ സജിയോട് വിവരം ചോദിച്ചപ്പോൾ, പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം തോന്നിയ നാട്ടുകാർ വിവരം മകളെ അറിയിച്ചു. തുടർന്ന് മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ, മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കണ്ടെത്താനായിട്ടില്ലെന്നും, ഇയാളെ കുറിച്ച് വിവരമുള്ളവർ പോലീസിനെ അറിയിക്കണമെന്നും ഇടുക്കി എസ്.പി അറിയിച്ചു.




