തിരുവനന്തപുരം: ബെംഗളൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അരുവിക്കര സ്വദേശി ആദിത്യന്റെ (19) മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ അമ്മയുടെ പാണ്ടിയോട്ടുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു. അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിന് ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേർന്നു.
ബംഗളൂരു ബിടിഎൽ സ്കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ആദിത്യനെ ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ നാലുപേർ താമസിച്ചിരുന്ന മുറിയിൽ നിന്ന് സമീപത്തെ ചെറിയ മുറിയിലേക്ക് ആദിത്യൻ പോയത് എങ്ങനെയെന്നതിൽ വ്യക്തതയില്ലെന്ന് അധികൃതർ അറിയിച്ചു.
മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സഹവിദ്യാർത്ഥിയുടെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ ബംഗളൂരുവിലെത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു. മരണത്തിൽ കോളേജിലെ ഒരു അധ്യാപകനെതിരെ കുടുംബം ആരോപണം ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്.




