ആയിഷ, ഇഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പ്രേംപാറ്റ എന്നാണ് പുതിയ സിനിമയുടെ പേര്. കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാറിന്റേതാണ്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ തന്നെയാണ് നിര്‍മ്മാണം. സെന്‍ട്രല്‍ പിക്ചേഴ്ര്‍സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. കൊച്ചി മാരിയറ്റില്‍ നടന്ന ലോഞ്ചിംഗ് പ്രോഗ്രാം താരനിര കൊണ്ട് സമ്പന്നമായിരുന്നു.
സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതവിരുന്നോടെ ആരംഭിച്ച ചടങ്ങില്‍ രഞ്ജിനി ഹരിദാസ് ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. ജോമോന് ജ്യോതിര്‍ നായകനാവുന്ന ചിത്രത്തിലെ നായിക ബംഗാളില്‍ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി പി, സാഫ് ബോയ്, ഹനാന് ഷാ, അശ്വിന് വിജയന്, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെന്‍ഡ് സെറ്റേഴ്സെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം സൈജു കുറുപ്പ്, സിദ്ദിഖ്, മംമ്ത മോഹന്‍ദാസ്, രാജേഷ് മാധവന്, സഞ്ജു ശിവ്റാം, ഇര്‍ഷാദ് അലി, സുജിത് ശങ്കര്‍ തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് പ്രേംപാറ്റയില്‍.
സംഗീത സംവിധായകന് അങ്കിത് മേനോന് സഹനിര്‍മ്മാതാവാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഒമര്‍ നവാസി. നരന്, പുലിമുരുകന്, മല്ലുസിംഗ്, രാമലീല, തുടരും പോലെയുള്ള സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ ഷാജികുമാറാണ് ഛായാഗ്രഹണം. ഒരു കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രേമകഥയാണ് പ്രേം പാറ്റ. അങ്കിത് മേനോന്റെ സംഗീതത്തിലെ പാട്ടുകള്‍ എഴുതുന്നത് മുഹ്സിന് പരാരിയും സുഹൈല്‍ എം കോയയുമാണ്. പ്രേമലു, സൂപ്പര്‍ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് വര്‍ഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ലോകയിലെ വില്ലനില്‍ നിന്ന് സാന്‍ഡി മാസ്റ്റര്‍ ഈ സിനിമയിലൂടെ വീണ്ടും കൊറിയോഗ്രാഫറാകുന്നു. മാര്‍ക്കോയ്ക്ക് ശേഷം കലൈ കിംഗ്സ്റ്റണ്‍ സ്റ്റണ്ട് മാസ്റ്റര്‍ ആകുന്ന സിനിമ എന്ന പ്രത്യേകതയും പ്രേംപാറ്റയ്ക്കുണ്ട്.






