ഉന്നത വിദ്യാഭ്യാസവും മികച്ച ജീവിതവും ലക്ഷ്യം വെച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം നമ്മുടെ രാജ്യത്ത് വർധിച്ചു വരികയാണ്. അതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യം അമേരിക്കയും കാനഡയുമാണ്. എന്നാൽ വിദ്യാർത്ഥികളുടെ ഉന്നത നിലവാരത്തിലുള്ള ജീവിതം എന്ന സ്വപ്‌നത്തിന് കരിനിഴൽ വീഴ്ത്തുന്ന സമീപനമാണ് അടുത്തിടെ കാനഡയുടെ ഭാഗത്തു നിന്നും വരുന്നത്.
അമേരിക്ക അടുത്തിടെ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും വിദ്യാർത്ഥി നിയമങ്ങൾ കടുപ്പിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് അനുമതി നൽകുന്നത് കാനഡ കുറച്ചിരിക്കുകയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണെന്നാണ് കണക്കുകൾ പറയുന്നത്.പുതിയ റിപ്പോർട്ടുകൾ പ്രകാരം, മുമ്പേക്കാൾ ഇരട്ടിയോളം വിദ്യാർത്ഥികൾക്ക് ആണ് വിസ നിഷേധം നേരിടേണ്ടി വരുന്നത്. ഈ വർഷത്തിന്റെ ആദ്യത്തിൽ തന്നെ വിദേശ വിദ്യാർത്ഥി കളുടെ പെർമിറ്റുകൾ വെട്ടിക്കുറക്കാനുള്ള കനേഡിയൻ സർക്കാരിന്റെ തിരുമാനമാണ് ഇതിനു പ്രധാന കാരണം.
താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും, വിദ്യാർത്ഥി വീസയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു കാനഡ ഈ പുതിയ നടപടികൾ കൊണ്ടുവന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെ നീണ്ടു നിന്ന ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ, ഇപ്പോൾ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന സമയത്താണ് ഈ നിയന്ത്രണങ്ങൾ കർശനമായത്. നിരസിക്കപ്പെടുന്ന അപേക്ഷകളിൽ കൂടുതലും ഇന്ത്യൻ വിദ്യാർത്ഥികളുടെതാണെന്നതാണ് മറ്റൊരു വസ്തുത. ഇത് കടൽ കടന്ന് വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കൊരു വെല്ലുവിളിയാണ്.
കാനഡയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പഠന കേന്ദ്രമായ വാട്ടർലൂ സർവകലാശാലയിൽ, കഴിഞ്ഞ മൂന്ന് നാല് വർഷമായി ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വരവ് വളരെ കുറയുന്നുണ്ട്. മുമ്പ് വലിയ തോതിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യാൻ എത്തിയിരുന്നുവെങ്കിലും, ഇപ്പോൾ അവരുടെ എണ്ണം ഏകദേശം മൂന്നിൽ രണ്ട് ഭാഗം വരെ കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. വാട്ടർലൂ സർവകലാശാല മാത്രമല്ല, കാനഡയിലെ റെജൈന സർവകലാശാലയും സസ്‌കാച്വാൻ സർവകലാശാലയിലും ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കൂറവ് സംഭവിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തിൽ കാനഡയിലെ കോളേജുകളിലും സർവകലാശാലകളിലും പഠിക്കാൻ അപേക്ഷിച്ച ഇന്ത്യൻ വിദ്യാർത്ഥികളിൽ ഏകദേശം 74 ശതമാനത്തോളം പേർക്ക് സ്റ്റഡി പെർമിറ്റ് ലഭിക്കാതെ പോയതായി കാനഡയിലെ ഇമിഗ്രേഷൻ വകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇത് വലിയ മാറ്റമാണ്, കാരണം 2023-ലെ ഓഗസ്റ്റിൽ നിരസിക്കൽ നിരക്ക് വെറും 32 ശതമാനം മാത്രമായിരുന്നു. കൂടാതെ ഓഗസ്റ്റിൽ ചൈനീസ് വിദ്യാർത്ഥികളുടെ പഠന പെർമിറ്റുകളുടെ ഏകദേശം 24 ശതമാനവും തള്ളിയിട്ടുണ്ട്.
2023-ൽ, വ്യാജ അഡ്മിഷൻ ലെറ്ററുകളുമായി (L.OA – Letter of Acceptance) ബന്ധപ്പെട്ട 1,550 പഠനാനുമതി അപേക്ഷകൾ കനേഡിയൻ അധികൃതർ കണ്ടെത്തിയിരുന്നു. അവയിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികളുടെ ആണെന്നാണ് കാനഡ ഇമിഗ്രേഷൻ വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം, ലോകമെമ്പാടുമുള്ള അപേക്ഷകരിൽ നിന്ന് പതിനാലായിരത്തിലധികം വ്യാജ അഡ്മിഷൻ ലെറ്ററുകൾ കാനഡ കണ്ടെത്തിയിരുന്നു.
അതേസമയം ഇന്ത്യയിലെ വിദ്യാർത്ഥികളുടെ പഠന പെർമിറ്റ് അപേക്ഷകൾ നിരസിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ സ്റ്റഡി പെർമിറ്റുകൾ നൽകുന്നത് കാനഡയുടെ പ്രത്യേകാവകാശമാണെന്നും ഓട്ടവയിലെ ഇന്ത്യൻ എംബസി പറഞ്ഞു. കാനഡ സർക്കാർ തങ്ങളുടെ കുടിയേറ്റ സംവിധാനത്തിൽ ആശങ്കാകുലരാണെന്നും എന്നാൽ കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ തുടരാൻ ആഗ്രഹിക്കുന്നുവെന്നും ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കിയിരുന്നു.
അമേരിക്കയ്ക്ക് പുറമെ ഇന്ത്യക്കാരോട് കാനഡയും മുഖം കറുപ്പിക്കുന്ന നിലപാടെടുക്കുന്നത് ട്രംപിന്റെ തന്ത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഇന്ത്യയെ പലരീതിയിലും അക്രമിക്കുക എന്ന സമീപനം ട്രംപ് എടുത്തു നിൽക്കുന്നതായാണ് അടുത്തിടെ നടന്ന പല സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അതിന് പിന്നാലെയാണ് വഴിമുട്ടി നിന്ന കാനഡ- അമേരിക്ക വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ വന്നതും. കാനഡക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് എടുത്ത് കളയണമെങ്കിൽ പ്രത്യൂപകാരമായി ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും സംശയമുയരുന്നുണ്ട്.




