ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന വെടിവെപ്പിൽ ഒൻപത് പേർ മരിച്ചു. 18 വയസ്സുള്ള ട്രാൻസ് വുമൺ ജെസ്സി വാൻ റൂട്ട്‌സെലാർ ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
സ്കൂളിലെത്തുന്നതിനുമുമ്പ് സ്വന്തം അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്കൂളിൽ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് പ്രതി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
സംഭവത്തിൽ ഒരു അധ്യാപികയും നിരവധി വിദ്യാർത്ഥികളും ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിവെപ്പുകളിലൊന്നായി ഈ സംഭവത്തെ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു. രാജ്യത്ത് ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്താൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.






