കൊച്ചി: കഞ്ചാവ് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കിണറ്റിൽ വീണു. മൂവാറ്റുപുഴ പായിപ്ര കവല മിച്ചഭൂമി റോഡിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. 1.25 കിലോ കഞ്ചാവുമായി പിടിയിലായ ബിഹാർ സ്വദേശിയായ ബിധാൻദാസ് (27) ആണ് എക്സൈസ് സംഘത്തെ വെട്ടിച്ച് ഓടിയത്. ഓട്ടത്തിനിടെ കാടുമൂടിയ വെള്ളമില്ലാത്ത കിണറ്റിൽ ഇയാൾ വീണു. തുടർന്ന് എക്സൈസ് സംഘം സ്ഥലത്ത് വളഞ്ഞ് ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീശന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം കിണറ്റിൽ വല ഇറക്കി പ്രതിയെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. കാലിലും ശരീരത്തിലും പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, രാവിലെ പേഴയ്ക്കാപ്പള്ളിയിൽ നിന്ന് രണ്ടുപേരെ ചെറിയ അളവിൽ ഹെറോയിനുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിലൂടെ ബിധാൻദാസിനെക്കുറിച്ചുള്ള വിവരം ലഭിച്ചതാണ്. മുൻപ് കഞ്ചാവ് കേസിൽ മുംബൈയിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ പുറത്തിറങ്ങിയ ശേഷം വീണ്ടും ലഹരിവസ്തുക്കളുമായി കേരളത്തിലെത്തിയതാണെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം.




