തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പാമ്പുകടി ഉണ്ടായിട്ടുണ്ടോയെന്ന സാധ്യതയും നിർബന്ധമായി പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. ആശുപത്രിയിലെത്തുന്ന സമയത്ത് പാമ്പുകടിയുമായി ബന്ധപ്പെട്ട വ്യക്തമായ സൂചനകൾ ലഭിക്കാത്തത് ചികിത്സ വൈകാൻ കാരണമാകുന്നതായാണ് വിലയിരുത്തൽ. അതിനാൽ കടിയേറ്റ അടയാളങ്ങളുണ്ടോയെന്ന് ഉൾപ്പെടെ ശരീരം വിശദമായി പരിശോധിക്കണമെന്ന് നിർദ്ദേശിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് എല്ലാ ആശുപത്രികളിലെയും സൂപ്രണ്ട്, ഫിസിഷ്യൻ, ആർ.എം.ഒ., അനസ്‌തറ്റിസ്റ്റ് എന്നിവർക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അടുത്തിടെ ഉണ്ടായ മൂന്ന് മരണങ്ങളിൽ തുടക്കത്തിൽ പാമ്പുകടിയുടെ സാധ്യത തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റിവെനം ലഭ്യത സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്ന രീതിയിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആവശ്യകത കണക്കാക്കി ആന്റിവെനം സൂക്ഷിക്കുന്നതാണെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പാലക്കാട് ഒഴികെ മറ്റ് ജില്ലകളിൽ 350 മുതൽ 375 വരെ പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 751 കേസുകളാണ് രേഖപ്പെടുത്തിയത്. അതിനാൽ അവിടെ കൂടുതൽ ശ്രദ്ധ നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
വേനൽക്കാലത്ത് കരിയിലകൾ കൂട്ടിയിട്ട് കത്തിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇങ്ങനെ തീ കത്തിക്കുമ്പോൾ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി ജനവാസമേഖലകളിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തുന്നു. തണുപ്പ് തേടി വീടുകൾക്ക് സമീപം എത്തുന്ന പാമ്പുകളാണ് പലപ്പോഴും കടിയേൽപ്പിക്കുന്നത്.




